ജൂലൈ മാസം

  •  ബഷീര്‍ അനുസ്‌മരണം "ഭാര്‍ഗ്ഗവീനിലയം' സിനിമയുടെ പ്രദര്‍ശനം


https://scontent-b-ams.xx.fbcdn.net/hphotos-xfp1/v/t1.0-9/p526x296/10389490_303792233114907_1063748070551988337_n.jpg?oh=9560b8cb414017ced7b55d440c60b914&oe=5459C47A

കഥ ആരംഭിക്കുന്നത് സാഹിത്യകാരനായ മധു ( ഈ കഥാപാത്രത്തിനു പേരില്ല) പുതിയ താമസക്കാരനായി ഭാർഗവീ നിലയത്തില്‍ എത്തുന്നത് മുതല്‍ക്കാണ്. അതൊരു പ്രേത ബാധയുള്ള വീടാണെന്ന് അല്പം കഴിഞ്ഞാണ് അദ്ദേഹം മനസ്സിലാക്കുന്നത്‌. കാമുകനും അയല്‍വാസിയും ആയിരുന്ന ശശികുമാറിനാല്‍ വഞ്ചിക്കപ്പെട്ട ഭാർഗവി ആ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്‍ഗവിയുടെ പ്രേതം ആരെയും അവിടെ തങ്ങാന്‍ അനുവദിക്കില്ല! കാറ്റായും വെളിച്ചമായും പട്ടിയായും പൂച്ചയായും അറ്റ കൈയ്ക്ക് സ്വന്തം രൂപത്തില്‍ തന്നെയും ഭാർഗവി ആ വീട്ടില്‍ താമസിക്കാന്‍ വരുന്നവരെ പേടിപ്പിച്ച് ഓടിക്കും. എന്നാല്‍ ധീരനും ചില്ലറ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളവനുമായ കഥാനായകന്‍ അങ്ങനെ പേടിച്ചു ഓടാന്‍ തയ്യാറാകുന്നില്ല! മറിച്ച് അയാള്‍ അജ്ഞാതയായ ആ പ്രേതവുമായി സുഹൃത്ത്ബന്ധം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ശുന്യതയില്‍ ഭാർഗവിയെ സങ്കല്പിച്ച് അയാള്‍ നിത്യവും അവളോട്‌ സംസാരിക്കുന്നു, പരിഭവിക്കുന്നു, തമാശ പറയുന്നു. തന്നെ ഉപദ്രവിക്കാതിരിക്കുന്നതിനുള്ള പ്രതിഫലം എന്നോണം അയാള്‍ ഒരുനാള്‍ അവളുടെ ജീവിത കഥ എഴുതാന്‍ ആരംഭിക്കുന്നു.

രഹസ്യങ്ങളുടെ ചുരുള്‍ അഴിയുന്നത് ഇവിടം മുതല്‍ക്കാണ്. താന്‍ അത് വരെ കണ്ടതും കേട്ടതും ഒന്നുമല്ല സത്യം എന്ന് സാഹിത്യകാരന്‍ മനസ്സിലാക്കുന്നു. സ്വന്തം നിലയ്ക്കും ചില്ലറ അന്വേഷണങ്ങള്‍ അയാള്‍ നടത്തുന്നു. അങ്ങനെ ഭാർഗവി ആത്മഹത്യ ചെയ്യുകയായിരുന്നില്ല എന്നും അവള്‍ ശശികുമാറിനാല്‍ വഞ്ചിക്കപ്പെടുക ആയിരുന്നില്ല എന്നും ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍ ഭാർഗവിയുടെ മുറചെറുക്കന്‍ നാണുക്കുട്ടന്‍ ( പി ജെ ആന്റണി) ആണെന്നും അയാള്‍ മനസിലാക്കുന്നു. ഭാർഗവിയെ കെട്ടാന്‍ ആഗ്രഹിച്ചു നടന്നിരുന്ന സ്വതവേ ക്രൂര സ്വഭാവിയായ നാണുക്കുട്ടൻ ശശികുമാറിനെയും ഭാർഗവിയെയും തമ്മില്‍ അകറ്റി, ശശികുമാറിന് ഭാർഗവി കൊടുത്തയച്ചത്‌ എന്ന് പറഞ്ഞു വിഷം വെച്ച വാഴപ്പഴം കൊടുത്തും ഭാർഗവിയെ കിണറ്റില്‍ തള്ളിയിട്ടും കൊല്ലുകയായിരുന്നു. താന്‍ മനസ്സിലാക്കിയ അല്ലെങ്കില്‍ തന്നോട് ഭാർഗവി പറയാതെ പറഞ്ഞ ഈ കഥ സാഹിത്യകാരന്‍ എഴുതുകയും ഭാർഗവി മരിച്ചു വീണ കിണറ്റിന്‍കരയില്‍ ഇരുന്നു അവളെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്യുന്നു. ഈ സമയം അവിടെയെത്തുന്ന നാണുക്കുട്ടന്‍ ( ഈ സമയം മാത്രമല്ല ചിത്രത്തിന്റെ ആദ്യ ഭാഗം മുതല്‍ക്കു തന്നെ ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുമായി നാണുക്കുട്ടൻ കഥാനായകന്റെ പിന്നാലെ ഉണ്ട്.) ഈ കഥ കേള്‍ക്കുകയും തന്റെ രഹസ്യം മനസ്സിലാക്കിയ സാഹിത്യകാരനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവിടെ വെച്ചുണ്ടാകുന്ന മല്‍പിടുത്തത്തിനൊടുവില്‍ നാണുക്കുട്ടന്‍ അടി തെറ്റി കിണറ്റില്‍ വീണു കൊല്ലപെടുന്നു. അഥവാ ഭാർഗവി തന്റെ പ്രതികാരം നിശബ്ദമായി നിര്‍വഹിക്കുന്നു. ലോകാലോകങ്ങളുടെ സൃഷ്ടാവേ……….നിന്റെ ഹിതം!

No comments:

Post a Comment

thankyou..........