പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു

കര്‍ണാടക സംഗീത കുലപതി ഡോ. എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഗായകന്‍, സംഗീതജ്ഞന്‍, കവി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.
വിവിധ സംഗീത ഉപകരണങ്ങളില്‍ വിദഗ്ധനായിരുന്നു. നിരവധി ചിത്രങ്ങള്‍ക്ക് പിന്നണി പാടിയിട്ടുണ്ട്. തെലുങ്ക്,സംസ്കൃതം, കന്നഡ, തമിഴ് ഭാഷകളില്‍ 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 1967ല്‍ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും അരങ്ങേറി. പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പുതിയ താളക്രമങ്ങള്‍ ചിട്ടപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി രാഗങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
1930ല്‍ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കര ഗുപ്തയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് സംഗീത വിദ്വാനായിരുന്നു. വിവിധ സംഗീത ഉപകരണങ്ങളിലും വിദഗ്ധനായിരുന്നു. ത്യാഗരാജ ഭാഗവതരുടെ പിന്മുറക്കാരനായ ഗുരുവായിരുന്നു ബാല മുരളി കൃഷ്ണ. പണ്ഡിറ്റ് ഭീം സെന്‍ ജോഷിക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയിരുന്ന അദ്ദേഹം ലോകമെമ്പാടുമായി 25,000ത്തോളം കച്ചേരികള്‍ നടത്തി. എട്ടാം വയസില്‍ ആദ്യ കച്ചേരി നടത്തിയ അദ്ദേഹം പതിനഞ്ചാം വയസില്‍ 72 മേള കര്‍ത്താ രാഗങ്ങള്‍ സ്വന്തമാക്കി. കീര്‍ത്തനങ്ങള്‍ രചിച്ച് തുടങ്ങിയതും പതിനഞ്ചാം വയസില്‍ തന്നെയായിരുന്നു.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരം, ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഷെവലിയര്‍ പുരസ്കാരം, 1976ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, 1987ല്‍ മികച്ച സംഗീതജ്ഞനുള്ള ദേശീയ പുരസ്കാരം എന്നിവ ലഭിച്ചു. 2012ല്‍ കേരളം സ്വാതി സംഗീത പുരസ്കാരം നല്‍കി ആദരിച്ചു.