ഒരിടത്ത് ഒരിടത്ത്.... ഒരു കാട്ടില്‍....ദൂരെ ... ദൂരെ... ഒരു രാജ്യത്ത്.... എത്രതവണ നമ്മളിത് കേട്ടിരിക്കുന്നു. വാക്കുകള്‍ കൂട്ടിയുച്ചരിക്കാനാവാത്ത കുട്ടിയായിരിക്കുമ്പോള്‍ ഇതുപോലുള്ള കഥകള്‍ പറഞ്ഞ് എത്രതവണ അച്ഛനുമമ്മയും മുത്തച്ഛനും മുത്തശ്ശിയും നമ്മെ ഉറക്കിയിരിക്കുന്നു.. എത്രയോ രാത്രികളില്‍ ക്രൂരന് കടുവയും പുലിയും മിന്നു മാനും സൂത്രന് കുറുക്കനും കുരങ്ങനുമൊക്കെ നമ്മുടെ സ്വപ്നങ്ങളില്‍ വന്ന് കൂട്ടുകൂടിയിട്ടുണ്ട്... പിന്നെയൊരല്പം വളര്‍ന്ന് അങ്കണവാടിയില്‍, പ്ലേ സ്കൂളില്‍, എല്‍കെജിയില്‍, യുകെജിയില്‍, ചെറിയ ക്ലാസുകളില്‍....പിന്നെ വളര്‍ന്ന് വലുതായി വലിയ ക്ലാസുകളില്‍.... അങ്ങനെ എത്രയെത്രയിടങ്ങളില്നിന്ന് നാം കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും കഥകള്‍ കേട്ടിരിക്കുന്നു.
നന്മകള് മാത്രം ജയിക്കുന്ന എത്ര നാടോടിക്കഥകള്‍ നമ്മെ തഴുകി കടന്നുപോയിട്ടുണ്ട്... ഇതൊക്കെ ആരെഴുതിയതാണാവോ..?. ആരാണ് അമ്മയ്ക്കും അച്ഛനും ടീച്ചര്‍മാര്‍ക്കും ഇതൊക്കെ പറഞ്ഞു കൊടുത്ത് പഠിപ്പിച്ചത്...? എന്നൊക്കെ ആലോചനകളില്‍ കടന്നുവന്നിട്ടില്ലേ...? ഇതുപോലെ കഥ പറയാന്‍ എനിക്കും കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നില്ലേ; ഒരിക്കലെങ്കിലും. ഇത്തരം ചെറിയ ചെറിയ കഥകളിലൂടെയാണ് നമ്മുടെ ഭാഷാശേഷിയും അറിവും സാഹിത്യാഭിരുചിയും വളര്‍ന്നത്... ഇതിനുപകരിക്കുന്ന, കുട്ടികള്‍ക്കുവേണ്ടിയുള്ള സാഹിത്യ രൂപങ്ങളെയാണ് ബാലസാഹിത്യം എന്ന് വിളിക്കുന്നത്. അതായത് കുട്ടികള്‍ക്ക് അറിവിനൊപ്പം ആഹ്ലാദവും തിരിച്ചറിവും നല്കുന്ന രചനകളാണ് ബാലസാഹിത്യങ്ങള്‍. വര്ണചിത്രങ്ങളും രേഖാചിത്രീകരണങ്ങളുംകൊണ്ട് ഇവ കുട്ടികളെ ആകര്‍ഷിക്കുന്നു.
ജീവിതത്തിലെ ഏത് മേഖലയിലുമുള്ള വിഷയങ്ങള്‍ ഹൃദ്യമായ രീതിയില്‍ ബാലസാഹിത്യത്തിന്റെ ഉള്ളടക്കമായി ഉള്‍പ്പെടുത്താം. നമ്മള് കേട്ടുമറന്നതും പഠിച്ചതുമായ കഥകളില്‍ പലതും ഏകദേശം ഒരുപോലെയിരിക്കും. അതിന് കാരണം അവ ഭാവനാവിലാസങ്ങളാണ് എന്നതാണ്. കേട്ടതും പഠിച്ചതും അറിഞ്ഞതുമായ കഥകളില്‍ പലതിലും ചെറിയ ചെറിയ വ്യത്യാസം ഉണ്ടാവാറുണ്ട്. തലമുറകളായി വായ്മൊഴിയായി പകര്‍ന്നു കിട്ടിയ ക ഥകളായതിനാല് കൈമാറുമ്പോള്‍ വിട്ടുപോകുന്നതോ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്യുന്നതിനാലാണിത്. തെനാലി രാമന് കഥകള്‍, പഞ്ചതന്ത്രം കഥകള്‍, ഈസോപ്പുകഥകള്‍, വിക്രമാദിത്യന് കഥകള്‍, നാടോടിക്കഥകള്‍, നാടന്‍പാട്ടുകള്‍, വീരചരിതങ്ങള്‍, വടക്കന്‍ കഥാനുഗായികള്‍ എല്ലാം കേട്ടു വളരാന്‍ നാം മലയാളികള്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ട്... എന്നാല്‍ ഇന്ന് എത്ര കുട്ടികള്‍ ഇവ കേട്ടു വളരുന്നു... എത്ര പേര്‍ക്കറിയാം ഈ കഥകളെക്കുറിച്ച്...
അക്ഷരം കൂട്ടിച്ചൊല്ലുന്ന പ്രായത്തില്‍ വായനയിലേക്ക് നമ്മെ നയിച്ചത് ഇത്തരം കഥകളുടെ ലോകമായിരുന്നില്ലേ..? അവ എവിടെയാണ് നമുക്ക് കൈമോശം വന്നത്?.ബാലസാഹിത്യത്തിന്റെ വളര്ച്ചഅച്ചടി കണ്ടുപിടിക്കുന്നതിനും മുമ്പേ ബാലസാഹിത്യകൃതികള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അന്ന് കൈയ്യെഴുത്തുപ്രതികളാണ് പ്രാചാരത്തിലുണ്ടായിരുന്നത്. അതിനാല്‍ അവയ്ക്ക് വിലക്കൂടുതലുമായിരുന്നു. 1474ല്ഇംഗ്ലണ്ടില് അച്ചടി സാധ്യമാക്കിയ വില്യം കാക്സ്റ്റണ് മുതിര്‍ന്നവര്‍ക്കു വേണ്ടി ഈസോപ്പുകഥകള്‍, മോര്‍ട്ടി ദി ആര്‍തര്‍, ദി ഹിസ്റ്ററി ഓഫ് റെയ്നാര്‍ഡ് ദി ഫോക്സ് എന്നിവയും ട്രോയികഥകളും അച്ചടിച്ചു. ലോകത്തിലെ ആദ്യ ചിത്രകഥാ പുസ്തകം പ്രസിദ്ധീകരിച്ചത് 1658ല്‍ ജോഹാന്‍ ആമോസ് എന്ന മൊറോവിയന്‍ ബിഷപ്പാണ്. ഓര്‍ബിസ് പിക്റ്റസ്(ലോകം ചിത്രങ്ങളിലൂടെ) എന്നായിരുന്നു അതിന്റെ പേര്. തുടര്‍ന്ന് ബെന്ജോണ്ന്റെ പില്ഗ്രിംസ് പ്രോഗ്രസ്, ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോ, ജോനാഥന് സ്വിഫ്ടിന്റെ ഗള്ളിവേഴ്സ് ട്രാവല്‍സ് തുടങ്ങിയവയും കുട്ടികളുടെ വായനക്കായി പുറത്തിറങ്ങി. 19ാം നൂറ്റാണ്ടോടെ ബാലസാഹിത്യം പ്രബലമായി... പിന്നെ ലോകപ്രശ്സതമായ നിരവധി കഥകളും കവിതകളും നോവലുകളും പുറത്തിറങ്ങി. ഇന്ന് മുതിര്‍ന്നവരുടെ സാഹിത്യത്തോളമോ അതിലേറെയോ പ്രധാന്യം ബാലസാഹിത്യത്തിനുണ്ട്.
ഇന്ത്യയില്‍ ബാലസാഹിത്യരൂപത്തില്‍ പണ്ടു മുതല്ക്കേ യക്ഷിക്കഥകളും കെട്ടുകഥകളും നാടോ ടിക്കഥകളും പ്രചാരത്തിലുണ്ടായിരുന്നു. സദാചാര പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാരോപദേശ കഥകളായിരുന്നു അവയില്‍ മിക്കവയും. ബുദ്ധന്റെ പൂര്വജന്മകഥകള് ജാതകകഥകള്‍ എന്ന പേരിലും രാമായണം മഹാഭാരതം എന്നിവ ബാലരാമായണം ബാലഭാരതം എന്ന പേരിലും കുട്ടികള്‍ക്കായി രചിക്ക പ്പെട്ടിട്ടുണ്ട്. അതോടൊപ്പം പഞ്ചതന്ത്രം കഥകള്‍, ഈസോപ് കഥകള്‍ എന്നിവയും ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു.
പഞ്ചതന്ത്രം കഥപുരാതന ഭാരതത്തിലെ ആദ്യ ബാലസാഹിത്യമാണിത്. രണ്ടാം നൂറ്റാണ്ടില്‍ രചിച്ചതെന്ന് കരുതുന്ന പഞ്ചതന്ത്രം കഥകളാണ് ലോക ബാലസാഹിത്യശാഖയിലെ ആദ്യ കഥാസമാഹാരം. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും പ്രചാരം പഞ്ചതന്ത്രം കഥകള്ക്കാണെന്ന് പറയുന്നു. മിത്രഭേദം(കൂട്ടുകാരെ ഭിന്നിപ്പിക്കല്‍), മിത്രസംപ്രാപ്തി(കൂട്ടുകാരെ സമ്പാദിക്കല്‍) കാകോലുകീയം(കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം)ലബ്ധപ്രണാശം(കൈയ്യിലുള്ളത് നഷ്ടപ്പെടല്‍) അസമീക്ഷികാരകം(വിവേകശൂന്യ പ്രവൃത്തി) എന്നിങ്ങനെ അഞ്ചുഭാഗങ്ങളുള്ളതിനാലാണ് ഇതിന് പഞ്ചതന്ത്രം കഥകള്‍ എന്ന പേരുവന്നത്. പല ലോകഭാഷകളിലേക്കും പഞ്ചതന്ത്രം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിഷ്ണുശര്‍മയാണ് രചയിതാവ് എന്ന് കരുതുന്നു. എന്നാല്‍ ഇത് ഒരാള്‍ രചിച്ചതല്ലെന്നും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ് വന്നതാണെന്നും വാദമുണ്ട്.
ഗള്ളിവേഴ്സ് ട്രാവല്സ്ജൊനാഥന് സ്വിഫ്ടിന്റെ വിഖ്യാതമായ ബാലസാഹിത്യമാണ് ഈ ആക്ഷേപഹാസ്യകൃതി. ലമുവല് ഗള്ളിവര്‍ എന്ന പേരില്‍ 1726ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒരു കപ്പലലിലെ ഡോക്ടറും കപ്പിത്താനുമായ ലമുവല് ഗള്ളിവറുടെ യാത്രാനുഭവങ്ങളാണ് ഉള്ളടക്കം. കപ്പല്‍ അപകടത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ആ അപകടത്തില്‍ രക്ഷപ്പെട്ടത് ഗള്ളിവര്‍ മാത്രമാണ്. അദ്ദേഹം നീന്തി രക്ഷപ്പെട്ട് എത്തുന്നതാവട്ടെ ലില്ലിപുട്ട് എന്ന ദ്വീപില്‍. അവിടത്തെ മനുഷ്യര്‍ ആറിഞ്ച് ഉയരമുള്ളവരാണ്. അവിടുന്ന് രക്ഷപ്പെട്ട് തുടര്‍ന്നദ്ദേഹം എത്തുന്നത് ഭീമാകാരമായ ഉയരമുള്ള മനുഷ്യരുള്ള ബ്രോബ്ഡിങ്നാഗിലാണ്. അവിടെ ഭീകരാനുഭവങ്ങള്‍ നേരിട്ട് അവസാനം ഗള്ളിവര്‍ എത്തിച്ചേരുന്നതാവട്ടെ ലാപൂട്ട എന്ന ഒഴുകി നടക്കുന്ന ദ്വീപിലാണ്. സംസാരിക്കുന്ന കുതിരകളുടെ നാടായിരുന്നു അത്. മനോഹരമായ വിവരണങ്ങളിലൂടെ കുട്ടികളെ ആകര്‍ഷിക്കുന്ന അവതരണ രീതിയാണ് ഗള്ളിവറിന്റെ സവിശേഷത. ഉന്നത സ്ഥാനങ്ങളിലെത്തുന്ന കഴിവില്ലാത്തവരുടെ അല്പത്തരങ്ങളെ തുറന്നു കാട്ടുകയായിരുന്നു ഗള്ളിവറിലൂടെ രചയിതാവ് നിര്‍വഹിച്ചത്.
ആലീസ് ഇന്‍ വണ്ടര്ലാന്ഡ്ഇംഗ്ലീഷില് പുറത്തിറങ്ങിയ മനോഹരമായ ബാലസാഹിത്യമാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്. ലൂയി കരോള്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ചാള്‍സ് ഡോഗ്സണ്‍ ആണ് ഇതിന്റെ കര്‍ത്താവ്. ആലീസ് എന്ന പെണ്‍കുട്ടിയാണ് ഇതിലെ നായിക. അവള് ചെന്നെത്തുന്ന ഒര ത്ഭുതലോകത്തിന്റെ കഥയാണ് ഉള്ളടക്കം. കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ കണ്ട അവള് അതിന്റെ പിറകെ പോവുകയാണ്. മുയ ലിനെ പിന്തുടര്ന്ന് മാളത്തിലൂടെ നടന്ന അവള് അറിയാതെ ചെന്നെത്തിയത് ഒരു അത്ഭുതലോക ത്തായിരുന്നു. കാണുന്ന കാഴ്ചകളും അ വള് നടത്തുന്ന സാഹസങ്ങളും മനോഹരമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. കുട്ടികളുടെ ഭാവനയും സാഹസിക മനോഭാവവും അതു വഴി ആത്മവിശ്വാസവും വളര്ത്താനുപക രിക്കുന്ന കൃതിയാണിത്. കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത ഗു ണപാഠമോ സാരോപദേശമോ ഇല്ലാത്ത ആദ്യ ബാലസാഹിത്യകൃതിയാണിത് എന്നതാണ്.
ട്രഷര്‍ ഐലന്ഡ്ആര് എല്‍ സ്റ്റീവന്‍സണ്‍ രചിച്ച പ്രശസ്ത നോവലാണ് ട്രഷര്‍ ഐലന്‍ഡ്. ജിം ഹോക്കിന്‍സ് എന്ന കൊച്ചുകുട്ടിയാണ് ഇതിലെ മുഖ്യകഥാപാത്രം. സാഹസികതയുടെ കഥതന്നെയാണ് ഇതിലും പ്രതിപാദ്യം.
ജംഗിള്‍ ബുക്ക്ചെന്നായക്കൂട്ടം എടുത്തുവളര്‍ത്തിയ മൗഗ്ലി എന്ന കുട്ടിയുടെ കഥകള്‍ അടങ്ങിയതാണ് ജംഗിള്‍ബുക്ക്. ഇതിലെ 15കഥകളില്‍ എട്ടും മൗഗ്ലിയെക്കുറിച്ചുള്ളതാണ്. മൃഗങ്ങള്‍ക്കൊപ്പം വളര്‍ന്ന മനു ഷ്യക്കുട്ടിയുടെ കഥയാണിത്. കുറേനാള്‍ കാട്ടില്‍ക്കഴിഞ്ഞ അവന് പിന്നീട് ഗ്രാമത്തിലേ ക്ക് തിരിച്ചു വരുന്നതാണ് മൗഗ്ലിയുടെ കഥ. ഇനിയും ഒട്ടേറെ ബാലസാഹിത്യ കൃതികളെക്കുറിച്ച് പറയാനുണ്ട്... നമ്മുടെ മലയാളത്തില്‍ എത്രയെത്ര ബാലസാഹിത്യങ്ങളുണ്ടെന്ന് അറിയാമോ...? അതറിയണം അവയെ പരിചയപ്പെടണം. ഈ അവധിക്കാലത്ത് അതൊക്കെ കണ്ടെത്തി വായിക്കാന്‍ കൂട്ടുകാര്‍ സമയം കണ്ടെത്തുമല്ലോ.... ഭാഷാശേഷിയും രചനാ ശേഷിയും ഭാവനയും വര്‍ധിപ്പിക്കാനും വായനശീലം വളരാനും ബാലസാഹിത്യം കൂട്ടുകാരെ സഹായിക്കും.