Showing posts with label news. Show all posts
Showing posts with label news. Show all posts

ജൈവ ജീവിത സന്ദേശ യാത്രക്ക്കോതമംഗലത്ത് സ്വീകരണം നല്കി

ജൈവ ജീവിത സന്ദേശയാത്രക്ക് സ്വീകരണം നല്‍കി

എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച ജൈവ ജീവിത സന്ദേശയാത്രക്ക് കോതമംഗലത്ത് സ്വീകരണം നല്‍കി. കോതമംഗലം റവന്യൂടവറില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രവിക്കുട്ടന്‍‌ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വില്ലാടിച്ചാന്‍പാട്ട്, നാടന്‍പാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി. ജാഥാക്യാപ്റ്റന്‍ എം.ആര്‍.സുരേന്ദ്രന്‍, കെ.ഒ.കുര്യാക്കോസ്, സി.പി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കോതമംഗലത്തെ വിവിധ രാഷ്ട്രീയ-സാംസ്കാരിക  സംഘടനകള്‍ ജൈവ പച്ചക്കറികള്‍ നല്‍കി ജാഥയെ സ്വീകരിച്ചു.









ലൈബ്രറി കൌണ്‍സിൽ സംഘടിപ്പിക്കുന്ന ജൈവ ജീവിത സന്ദേശ യാത്രക്ക് സ്വീകരണം - 24-8-2015 തിങ്കൾ രാവിലെ 10.30 ന് കോതമംഗലം റവന്യൂ ടവറിൽ

ലൈബ്രറി കൌണ്‍സിൽ  സംഘടിപ്പിക്കുന്ന ജൈവ ജീവിത സന്ദേശ യാത്രക്ക് സ്വീകരണം - 

24-8-2015 തിങ്കൾ രാവിലെ 10.30 ന് കോതമംഗലം റവന്യൂ ടവറിൽ 


        കോതംമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി .എം.ആർ.സുരേന്ദ്രാൻ നയിക്കുന്ന ജൈവ ജീവിത സന്ദേശ യാത്രക്ക് 24-8-2015 തിങ്കളാഴ്ച രാവിലെ 10.30 ന് കോതമംഗലം റവന്യൂ ടവറിൽ  സ്വീകരണം നല്കുന്നു.   ജൈവ പച്ചക്കറി ഉത്പാദക മേഖലയിലെ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാനും പരിഹാരം കാണ്ടെത്താനുമാണ് യാത്ര. സന്ദേശയാത്രയിലുടനീളം 26 അംഗ കലാസംഘത്തിന്റെ കലാപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. മീനാ രാജു സംഘത്തിന്റെ വില്ലടിച്ചാന്‍പാട്ടും കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ നാടന്‍പാട്ടും പാറക്കടവ് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങളുടെ തെരുവുനാടകവുമാണ് ജാഥയിലുടനീളം അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച കോതമംഗലത്തുനിന്ന് ആരംഭിച്ച് കവളങ്ങാട്, മൂവാറ്റുപുഴ, കൂത്താട്ടുകുളം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

നെല്ലിക്കുഴി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി രൂപീകരിച്ചു

നെല്ലിക്കുഴി  പഞ്ചായത്ത് ലൈബ്രറി നേതൃസമിതി രൂപീകരിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം പി.കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് മനോജ് നാരായണൻ, ജില്ലാ എക്സി. അംഗം കെ.ഒ.കുര്യാക്കോസ് ഭാവി പരിപാടികൾ വിശദീകരിച്ചു.  താലൂക്ക് സെക്രട്ടറി സി.പി.മുഹമ്മദ് സംസാരിച്ചു.
ഭാരവാഹികൾ:-
കൺവീനർ - എം.കെ.ബോസ് (യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി)
കമ്മറ്റി അംഗങ്ങൾ - പി.കെ.ബാപ്പുട്ടി (യുഗദീപ്തി ഗ്രന്ഥശാല നെല്ലിക്കുഴി),
ബിനു പ്രകാശ് (ഇരമല്ലൂർ പബ്ലിക് ലൈബ്രറി),
സജി ജോസഫ് (കുറ്റിലഞ്ഞി പബ്ലിക് ലൈബ്രറി), സുരേഷ് എം.കെ. (ചെറുവട്ടൂർ),
സന്തോഷ് (ശില്പി ലൈബ്രറി ഇളംബ്ര),
രാജൻ കെ.കെ (ഐശ്വര്യ ഗ്രന്ഥശാല നങ്ങേലിപ്പടി),
ബിനു എം.ബി (മഹാത്മ ലൈബ്രറി ഇടനാട്),
എം.എൻ.ജഗദീഷ് (പി.കൃഷ്ണപിള്ള സ്മാരക ലൈബ്രറി തൃക്കാരിയൂർ).

ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല സന്ദർശിച്ചപ്പോൾ

ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ 

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല സന്ദർശിച്ചപ്പോൾ...









ജനുവരി 30 - ഇന്ന് രക്തസാക്ഷി ദിനം

ജനുവരി 30 - ഇന്ന് രക്തസാക്ഷി ദിനം

ഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്സെയാണെന്ന് ചരിത്രം ഇന്ന് രേഖപ്പെടുത്തുന്നു. വധത്തിനുമുമ്പുണ്ടായ ഗൂഢാലോചനയില്‍ സവര്‍ക്കറും ഗോപാല്‍ ഗോഡ്സെയും പങ്കെടുത്തുവെന്നും. പക്ഷേ, ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ വര്‍ഗീയതയായിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് പൊരുത്തപ്പെടാന്‍ വര്‍ഗീയതയ്ക്ക് സാധ്യമായിരുന്നില്ല എന്നതിനാലായിരുന്നു.
മതേതരത്വത്തിന്റെ ഏറ്റവും വലിയ സമര്‍ഥകനായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ മതേതരത്വത്തിന് വളരെ വിപുലമായ അര്‍ഥമാണുണ്ടായിരുന്നത്. സമുദായമൈത്രി അതിന്റെ ഒരു പ്രധാന ഘടകമായിരുന്നു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു സാമൂഹ്യപ്രതിഭാസമായിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. ഭരണകൂട പ്രത്യയ ശാസ്ത്രമെന്നതിനേക്കാള്‍ കൂടുതല്‍ പൌരജീവിതവുമായി ബന്ധപ്പെട്ട ആശയമായാണ് അദ്ദേഹം അതിനെ നോക്കിക്കണ്ടത്. അതായത്, മതേതരത്വത്തിന്റെ അടിത്തറ അദ്ദേഹത്തിന് മാനവികതയായിരുന്നു.
വര്‍ഗീയതയുടെ കാഴ്ചപ്പാടില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്്. മനുഷ്യനെ ആദരിക്കാത്ത ആശയ സംഹിതയാണ് വര്‍ഗീയത. അതുകൊണ്ട്, മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രതിരോധിക്കുകയെന്നത് വര്‍ഗീയതയുടെ പരിപാടിയാണ്. അതുകൊണ്ടുതന്നെ, ഗാന്ധിജിയുടെ സ്വാധീനത്തെ നശിപ്പിക്കേണ്ടത് വര്‍ഗീയതയുടെ ആവശ്യമായിരുന്നു. ഗാന്ധിജിയുടെ മാനവികതയും വര്‍ഗീയതയുടെ ക്രൂരതയും തമ്മിലുള്ള വൈരുധ്യമാണ് അദ്ദേഹത്തിന്റെ വധത്തിനു വഴിവച്ചത്. ജന്മദിനത്തിലും ചരമദിനത്തിലുംമാത്രം ഓര്‍മിക്കപ്പെടുന്ന ഒരു അസാധാരണ മനുഷ്യനായി നമ്മുടെ രാഷ്ട്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. ഗാന്ധിജിക്കും ഗാന്ധിസത്തിനും സമകാലിക ജീവിതത്തില്‍ പ്രസക്തിയുണ്ടോയെന്ന ചോദ്യം ഉന്നയിക്കപ്പെടുകയുംചെയ്യുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന് പ്രസക്തിയില്ലെന്നു പറയാന്‍ ഏറെ എളുപ്പമായിരിക്കും.

മുതലാളിത്തം കൊടികുത്തി വാഴുന്ന ഈ ലോകത്ത്, ബഹുഭൂരിപക്ഷം അഭ്യസ്തവിദ്യരും കമ്പ്യൂട്ടര്‍പോലുള്ള യന്ത്രങ്ങളുടെ മുന്നിലിരുന്ന് സമയം കഴിക്കുമ്പോള്‍, ആധുനികത ചിന്തിക്കാനുള്ള സമയം ഇല്ലാതാക്കുമ്പോള്‍, ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ലോകം മനുഷ്യന്റെ മുഷ്ടിയിലാണെന്ന് അവകാശപ്പെടുമ്പോള്‍ ഒറ്റവസ്ത്രമുടുത്ത് വടിയൂന്നി നടന്ന ഒരു വ്യക്തിക്ക് പ്രസക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും വിഷമമുണ്ടാവും. പക്ഷേ, നൈതികതയുടെ പ്രാധാന്യം എന്താണെന്ന് സമൂഹത്തെ ഓര്‍മിപ്പിച്ച വ്യക്തിയാണ് ഗാന്ധി. നാഗരികതയുടെ കടിഞ്ഞാണില്ലാത്ത വളര്‍ച്ചയെ, യന്ത്രവല്‍ക്കരണത്തെ വിമര്‍ശനാത്മകമായി സമീപിച്ച വ്യക്തിയാണ്. വികസനത്തിന് ഒരു മാനവികമുഖം നല്‍കാന്‍ ശ്രമിച്ച ചിന്തകനാണ്. മതത്തെ നൈതികതയായി വ്യഖ്യാനിച്ച് രാഷ്ട്രീയം നൈതിക രാഷ്ട്രീയമായി ചൂണ്ടിക്കാട്ടിയ വ്യക്തിയാണ്.
ആദര്‍ശവാദികളായ എല്ലാ വ്യക്തികളുടെയും സാമൂഹ്യപരിപാടികളില്‍ ദൌര്‍ബല്യത്തിന് സാധ്യതയുണ്ട്. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ പലതും അതുകൊണ്ടുതന്നെ പ്രായോഗികമായിരുന്നില്ലെന്ന് ശഠിക്കുന്നവരുണ്ടാവാം. പക്ഷേ, മനുഷ്യനെ ഉന്നതതലങ്ങളിലേക്ക് ഉയര്‍ത്തുന്നത് ആദര്‍ശവാന്മാരാണ്, പ്രായോഗിക പ്രവര്‍ത്തകരല്ല. ഭാരതീയതയെ മാനവികതയുടെയും സാമൂഹ്യ ആദര്‍ശത്തിന്റെയും ഔന്നത്യത്തിലേക്ക് ഉയര്‍ത്താന്‍ ബുദ്ധനുശേഷം ശ്രമിച്ച ഏറ്റവും വിഖ്യാതനായ വ്യക്തിയാണ് ഗാന്ധിജി.
ഡോ. കെ എന്‍ പണിക്കര്‍

ആര്‍ കെ ലക്ഷ്മണ്‍ - ആദരാഞ്ജലികൾ .....


മഹാനായ കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന്റെ ഓര്‍മയ്ക്കുമുന്നില്‍ ആദരാഞ്ജലികൾ അർപ്പിക്കുന്നു.


ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു. 94 വയസായിരുന്നു. മസ്തിഷ്കാഘത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തിങ്കളാഴ്ച രാത്രിയാണ് അന്ത്യശ്വാസം വലിച്ചത്. മഗ്സസെ അവാര്‍ഡ്, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ അദ്ദേഹത്തിന്റെ പല കാര്‍ട്ടൂണുകളും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചവയാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് നിരവധി കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ 60 വര്‍ഷക്കാലത്തിധികം വരച്ച പോക്കറ്റ് കാര്‍ട്ടൂണ്‍ "യു സെഡ് ഇറ്റും' അതിലെ കഥാപാത്രമായ കോമണ്‍മാനും ഏറെ പ്രസിദ്ധമാണ്. ലോക പ്രശസ്ത സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ സഹോദരനായ ലക്ഷ്മണ്‍ "മാല്‍ഗുഡി ഡേയ്സ് കഥകള്‍ക്ക് വേണ്ടിയും വരച്ചിട്ടുണ്ട്.
1924ല്‍ ഒക്ടോബര്‍ 23ന് മൈസൂരിലാണ് രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മണ്‍ ജനിച്ചത്. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ബ്ലിറ്റ്സ്, സ്വരാജ്യ തുടങ്ങിയ മാഗസിനുകളില്‍ വരച്ചുതുടങ്ങി. ഒരു രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പ്രൊഫഷണലാകുന്നത് ഫ്രീ പ്രസ് ജേര്‍ണലില്‍ ജോലി ലഭിച്ചതോടെയാണ്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. കോമണ്‍മാനിലൂടെ വിലക്കയറ്റം മുതല്‍ ട്രാഫിക് ജാം വരെ നീളുന്ന സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിഷയമാക്കി.
1984ലാണ് അദ്ദേഹത്തിന് ഏഷ്യയിലെ നോബല്‍ സമ്മാനമായി അറിയപ്പെടുന്ന മഗ്സസെ അവാര്‍ഡ് ലഭിച്ചത്. പത്മഭൂഷണ്‍, ബി ഡി ഗോയങ്ക അവാര്‍ഡ്, ദുര്‍ഗരത്തന്‍ സ്വര്‍ണമെഡല്‍ തുടങ്ങിയ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. "ദ ടണല്‍ ഓഫ് ടൈം' ആത്മകഥയാണ്. മറാത്തിയില്‍ "ലക്ഷ്മണ്‍രേഖ' എന്ന പേരിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചു. കാര്‍ട്ടൂണുകള്‍ സമാഹരിച്ച് പുസ്തകമായി ഇറക്കിയിട്ടുണ്ട്.

നീതിയുടെ കാവലാള്‍..... ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് യുഗദീപ്തിയുടെ ആദരാഞ്ജലികള്‍

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ - യുഗദീപ്തിയുടെ ആദരാഞ്ജലികള്‍

നീതിയുടേയും നിയമത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും നിതാന്ത പോരാളിയായി കേരളത്തിന്‍െറ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വിടവാങ്ങുമ്പോള്‍ ബാക്കിയാവുന്നത് സാമൂഹ്യ നന്മക്കു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളാണ്. അത് വിധി പ്രസ്താവനകളായും പ്രസംഗമായും പുസ്തകങ്ങളായും കേരളീയ സമൂഹത്തെ സമ്പുഷ്ടമാക്കുന്നു. കേവലം അഭിഭാഷകനായും ന്യായാധിപനായും പിന്നീട് വിശ്രമ ജീവിതം നയിക്കേണ്ടിയിരുന്ന കൃഷ്ണയ്യര്‍ നിരന്തരമായ സാമൂഹ്യ ഇടപെടലുകളിലൂടെ തിരുത്തല്‍ ശക്തിയായി മാറുകയായിരുന്നു. നിയമത്തിലുള്ള അഗാധ ജ്ഞാനവും സുപ്രീം കോടതി ജഡ്ജിയായുള്ള പരിചയവും അദ്ദേഹത്തെ സമാദരീണയനായ വ്യക്തിത്വമാക്കി മാറ്റി.
1915 നവംബര്‍ 15ന് പാലക്കാട്ട് ശേഖരീപുരം വൈദ്യനാഥപുരം രാമയ്യരുടെയും നാരായണിയുടെയും മകനായി ജനിച്ച കൃഷ്ണയ്യര്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍വകലാശാലയില്‍നിന്ന് ബി.എയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എല്‍ ബിരുദവും നേടിയശേഷം 1938ല്‍ മലബാറിലെയും കൂര്‍ഗിലെയും കാനറയിലെയും കോടതികളില്‍ അഭിഭാഷകനായാണ് നിയമവൃത്തിയിലേക്ക് കടന്നത്. ഇതിനിടെ, സജീവ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 1952ല്‍ കൂത്തുപറമ്പില്‍നിന്ന് മദ്രാസ് ലെജിസ്ലേറ്റിവ് അസംബ്ളിയിലേക്കും 1957ല്‍ തലശേരിയില്‍നിന്ന് ആദ്യത്തെ കേരളാ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തിലുള്ള ആദ്യത്തെ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി.
സജീവ രാഷ്ട്രീയത്തില്‍നിന്ന് വിടപറഞ്ഞ് 1967ല്‍ കേരള ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു. 1970ല്‍ ഇന്ത്യന്‍ ലോ കമീഷനില്‍ അംഗമായി. തുടര്‍ന്ന് സുപ്രീംകോടതിയിലത്തെിയ കൃഷ്ണയ്യര്‍ 1973 മുതല്‍ 1980 വരെ ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ ന്യായാധിപനായിരുന്നു. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിടപറഞ്ഞെങ്കിലും ഇ.എം.എസിന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്ന് 1987ല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ അദ്ദേഹം രാഷ്ട്രപതി സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രമുഖ വിദേശ, ഇന്ത്യന്‍ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായി പ്രവര്‍ത്തിച്ച അദ്ദേഹം നിയമസംബന്ധിയായ ഒട്ടേറെ വിഖ്യാതഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബംഗളൂരിലെ നാഷനല്‍ ലാ സ്കൂള്‍ ഓഫ് ഇന്ത്യ, കല്‍ക്കത്തയിലെ ഭഗത്പൂര്‍ സര്‍വകലാശാല, അണ്ണമല സര്‍വകലാശാല, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, കേരള സംസ്കൃത അക്കാദമി, നോര്‍ത് ബംഗാള്‍ സര്‍വകശാലാ എന്നീ സ്ഥാപനങ്ങള്‍ ഡോക്ടര്‍ ബിരുദം നല്‍കി ആദരിച്ചു. 1999ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്‍റര്‍നാഷനല്‍ ലോയേഴ്സ് അസോസിയേഷന്‍െറ ഇന്ത്യന്‍ ബെഞ്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ‘നീതിയുടെ ജീവിക്കുന്ന ഇതിഹാസം’ എന്ന ബിരുദം നല്‍കിയാണ് ആദരിച്ചത്. ‘ഇന്ത്യന്‍ നീതിശാസ്ത്രത്തിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനകള്‍’ എന്ന വിഷയത്തെ അധികരിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്ന് നിയമജ്ഞര്‍ ഡോക്ടറേറ്റ് നേടി.
1968ലെ സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ്, വ്യവസായ ശാന്തിക്കുള്ള ജഹാംഗീര്‍ ഗാന്ധി അവാര്‍ഡ്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജി, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ കുമാരപ്പ റെക്ലസ് അവാര്‍ഡ്, ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ദശരഥ് മാല്‍ സിങ്വി അവാര്‍ഡ്, ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ബാബ സാഹബ് ബി.ആര്‍. അംബേദ്കര്‍ നാഷനല്‍ അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ്, ദേശീയ മനുഷ്യാവകാശ അവാര്‍ഡ്, റോട്ടറി ഇന്‍റര്‍നാഷണലിന്‍െറ മാനവസേവ അവാര്‍ഡ്, കേരള സംസ്കൃത അക്കാദമിയുടെ മാനവ സമന്വയ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, 2000ലെ മനുഷ്യാവകാശത്തിനുള്ള ദേശീയ അവാര്‍ഡ്, സി. കേശവന്‍ മൊമ്മോറിയല്‍ കീര്‍ത്തി മുദ്ര അവാര്‍ഡ്, സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ പടിയറ അവാര്‍ഡ് തുടങ്ങിയവ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ലഭിച്ച എണ്ണമറ്റ അവാര്‍ഡുകളില്‍പെടുന്നു.