ആര്‍ കെ ലക്ഷ്മണ്‍ - ആദരാഞ്ജലികൾ .....


മഹാനായ കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന്റെ ഓര്‍മയ്ക്കുമുന്നില്‍ ആദരാഞ്ജലികൾ അർപ്പിക്കുന്നു.


ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു. 94 വയസായിരുന്നു. മസ്തിഷ്കാഘത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തിങ്കളാഴ്ച രാത്രിയാണ് അന്ത്യശ്വാസം വലിച്ചത്. മഗ്സസെ അവാര്‍ഡ്, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ അദ്ദേഹത്തിന്റെ പല കാര്‍ട്ടൂണുകളും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചവയാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് നിരവധി കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ 60 വര്‍ഷക്കാലത്തിധികം വരച്ച പോക്കറ്റ് കാര്‍ട്ടൂണ്‍ "യു സെഡ് ഇറ്റും' അതിലെ കഥാപാത്രമായ കോമണ്‍മാനും ഏറെ പ്രസിദ്ധമാണ്. ലോക പ്രശസ്ത സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ സഹോദരനായ ലക്ഷ്മണ്‍ "മാല്‍ഗുഡി ഡേയ്സ് കഥകള്‍ക്ക് വേണ്ടിയും വരച്ചിട്ടുണ്ട്.
1924ല്‍ ഒക്ടോബര്‍ 23ന് മൈസൂരിലാണ് രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മണ്‍ ജനിച്ചത്. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ബ്ലിറ്റ്സ്, സ്വരാജ്യ തുടങ്ങിയ മാഗസിനുകളില്‍ വരച്ചുതുടങ്ങി. ഒരു രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പ്രൊഫഷണലാകുന്നത് ഫ്രീ പ്രസ് ജേര്‍ണലില്‍ ജോലി ലഭിച്ചതോടെയാണ്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. കോമണ്‍മാനിലൂടെ വിലക്കയറ്റം മുതല്‍ ട്രാഫിക് ജാം വരെ നീളുന്ന സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിഷയമാക്കി.
1984ലാണ് അദ്ദേഹത്തിന് ഏഷ്യയിലെ നോബല്‍ സമ്മാനമായി അറിയപ്പെടുന്ന മഗ്സസെ അവാര്‍ഡ് ലഭിച്ചത്. പത്മഭൂഷണ്‍, ബി ഡി ഗോയങ്ക അവാര്‍ഡ്, ദുര്‍ഗരത്തന്‍ സ്വര്‍ണമെഡല്‍ തുടങ്ങിയ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. "ദ ടണല്‍ ഓഫ് ടൈം' ആത്മകഥയാണ്. മറാത്തിയില്‍ "ലക്ഷ്മണ്‍രേഖ' എന്ന പേരിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചു. കാര്‍ട്ടൂണുകള്‍ സമാഹരിച്ച് പുസ്തകമായി ഇറക്കിയിട്ടുണ്ട്.

No comments:

Post a Comment

thankyou..........