നീതിയുടെ കാവലാള്‍..... ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് യുഗദീപ്തിയുടെ ആദരാഞ്ജലികള്‍

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ - യുഗദീപ്തിയുടെ ആദരാഞ്ജലികള്‍

നീതിയുടേയും നിയമത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും നിതാന്ത പോരാളിയായി കേരളത്തിന്‍െറ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വിടവാങ്ങുമ്പോള്‍ ബാക്കിയാവുന്നത് സാമൂഹ്യ നന്മക്കു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളാണ്. അത് വിധി പ്രസ്താവനകളായും പ്രസംഗമായും പുസ്തകങ്ങളായും കേരളീയ സമൂഹത്തെ സമ്പുഷ്ടമാക്കുന്നു. കേവലം അഭിഭാഷകനായും ന്യായാധിപനായും പിന്നീട് വിശ്രമ ജീവിതം നയിക്കേണ്ടിയിരുന്ന കൃഷ്ണയ്യര്‍ നിരന്തരമായ സാമൂഹ്യ ഇടപെടലുകളിലൂടെ തിരുത്തല്‍ ശക്തിയായി മാറുകയായിരുന്നു. നിയമത്തിലുള്ള അഗാധ ജ്ഞാനവും സുപ്രീം കോടതി ജഡ്ജിയായുള്ള പരിചയവും അദ്ദേഹത്തെ സമാദരീണയനായ വ്യക്തിത്വമാക്കി മാറ്റി.
1915 നവംബര്‍ 15ന് പാലക്കാട്ട് ശേഖരീപുരം വൈദ്യനാഥപുരം രാമയ്യരുടെയും നാരായണിയുടെയും മകനായി ജനിച്ച കൃഷ്ണയ്യര്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍വകലാശാലയില്‍നിന്ന് ബി.എയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എല്‍ ബിരുദവും നേടിയശേഷം 1938ല്‍ മലബാറിലെയും കൂര്‍ഗിലെയും കാനറയിലെയും കോടതികളില്‍ അഭിഭാഷകനായാണ് നിയമവൃത്തിയിലേക്ക് കടന്നത്. ഇതിനിടെ, സജീവ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 1952ല്‍ കൂത്തുപറമ്പില്‍നിന്ന് മദ്രാസ് ലെജിസ്ലേറ്റിവ് അസംബ്ളിയിലേക്കും 1957ല്‍ തലശേരിയില്‍നിന്ന് ആദ്യത്തെ കേരളാ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തിലുള്ള ആദ്യത്തെ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി.
സജീവ രാഷ്ട്രീയത്തില്‍നിന്ന് വിടപറഞ്ഞ് 1967ല്‍ കേരള ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു. 1970ല്‍ ഇന്ത്യന്‍ ലോ കമീഷനില്‍ അംഗമായി. തുടര്‍ന്ന് സുപ്രീംകോടതിയിലത്തെിയ കൃഷ്ണയ്യര്‍ 1973 മുതല്‍ 1980 വരെ ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ ന്യായാധിപനായിരുന്നു. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിടപറഞ്ഞെങ്കിലും ഇ.എം.എസിന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്ന് 1987ല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ അദ്ദേഹം രാഷ്ട്രപതി സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രമുഖ വിദേശ, ഇന്ത്യന്‍ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായി പ്രവര്‍ത്തിച്ച അദ്ദേഹം നിയമസംബന്ധിയായ ഒട്ടേറെ വിഖ്യാതഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബംഗളൂരിലെ നാഷനല്‍ ലാ സ്കൂള്‍ ഓഫ് ഇന്ത്യ, കല്‍ക്കത്തയിലെ ഭഗത്പൂര്‍ സര്‍വകലാശാല, അണ്ണമല സര്‍വകലാശാല, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, കേരള സംസ്കൃത അക്കാദമി, നോര്‍ത് ബംഗാള്‍ സര്‍വകശാലാ എന്നീ സ്ഥാപനങ്ങള്‍ ഡോക്ടര്‍ ബിരുദം നല്‍കി ആദരിച്ചു. 1999ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്‍റര്‍നാഷനല്‍ ലോയേഴ്സ് അസോസിയേഷന്‍െറ ഇന്ത്യന്‍ ബെഞ്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ‘നീതിയുടെ ജീവിക്കുന്ന ഇതിഹാസം’ എന്ന ബിരുദം നല്‍കിയാണ് ആദരിച്ചത്. ‘ഇന്ത്യന്‍ നീതിശാസ്ത്രത്തിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനകള്‍’ എന്ന വിഷയത്തെ അധികരിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്ന് നിയമജ്ഞര്‍ ഡോക്ടറേറ്റ് നേടി.
1968ലെ സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ്, വ്യവസായ ശാന്തിക്കുള്ള ജഹാംഗീര്‍ ഗാന്ധി അവാര്‍ഡ്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജി, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ കുമാരപ്പ റെക്ലസ് അവാര്‍ഡ്, ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ദശരഥ് മാല്‍ സിങ്വി അവാര്‍ഡ്, ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ബാബ സാഹബ് ബി.ആര്‍. അംബേദ്കര്‍ നാഷനല്‍ അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ്, ദേശീയ മനുഷ്യാവകാശ അവാര്‍ഡ്, റോട്ടറി ഇന്‍റര്‍നാഷണലിന്‍െറ മാനവസേവ അവാര്‍ഡ്, കേരള സംസ്കൃത അക്കാദമിയുടെ മാനവ സമന്വയ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, 2000ലെ മനുഷ്യാവകാശത്തിനുള്ള ദേശീയ അവാര്‍ഡ്, സി. കേശവന്‍ മൊമ്മോറിയല്‍ കീര്‍ത്തി മുദ്ര അവാര്‍ഡ്, സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ പടിയറ അവാര്‍ഡ് തുടങ്ങിയവ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ലഭിച്ച എണ്ണമറ്റ അവാര്‍ഡുകളില്‍പെടുന്നു.

No comments:

Post a Comment

thankyou..........