മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു

യുഗദീപ്തിയുടെആദരാഞ്ജലിൾ


ഷില്ലോങ്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. അവിവാഹിതനായിരുന്നു. രാഷ്ട്രം ഭാരതരത്‌നയും പത്മഭൂഷനും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.

ഭൗതികദേഹം ഇന്നു രാത്രി തന്നെ ഷില്ലോങ്ങില്‍ നിന്ന് ഗുവാഹത്തിയിലെ സൈനിക ആസ്പത്രിയിലേയ്ക്ക് മാറ്റും. നാളെ പുലര്‍ച്ചെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ രാമേശ്വരത്തായിരിക്കും അന്ത്യ കര്‍മങ്ങള്‍. രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്ത്വശാസ്ത്രജ്ഞനുമൊക്കെയായിരുന്ന കലാം. 2002 മുതല്‍ 2007 വരെയായിസരുന്നു അദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. 1931 ഒക്‌ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു വള്ളക്കാരനായ ജൈനുല്‍ലാബുദ്ദീനിന്റെയും ആഷിയാമ്മയുടെയും മകനായി ജനനം. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് പഠനച്ചെലവ് കണ്ടെത്തിയത്.
ഷ്വാട്‌സ് മെട്രിക്യുലേഷന്‍ സ്‌കൂളിലെ പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നു. 1954ല്‍ ഇവിടെ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്ത കലാം പിന്നീട് ചെന്നൈയില്‍ എയ്‌റോസ്‌പേയ്‌സ് എഞ്ചിനീയറിങ് പഠിക്കാന്‍ പോയി. അക്കാലത്ത് ഒരു ഫൈറ്റര്‍ പയലറ്റാകാനായിരുന്നു മോഹം. എന്നാല്‍, പൈലറ്റാകാനുള്ള പരീക്ഷയില്‍ ഒന്‍പതാമനായതോടെ കലാമിന്റെ പൈലറ്റ് മോഹം അസ്ഥാനത്തായി.

അങ്ങിനെയാണ് ഉപരിപഠനത്തിന് ചെന്നെ ഐ.ഐ.ടി.യില്‍ ചേര്‍ന്നത്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി ലഭിച്ചു.

അവിടെ വച്ച് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മേനോനാണ് കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. റോക്കറ്റ് എഞ്ചിനീയറാകാന്‍ കലാമിനെ പ്രേരിപ്പിച്ചതും മേനോനാണ്. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

No comments:

Post a Comment

thankyou..........