സാമൂഹ്യമാറ്റത്തിനുവേണ്ടിയും സാംസ്കാരിക ജീര്ണതയ്ക്ക് എതിരെയും നേരിന്റെ പക്ഷത്തുനിന്ന്് സാഹിത്യരചനയിലൂടെ ധീരമായ നിലപാടു സ്വീകരിച്ചു ഈ മഹാത്മാവ്. സാഹിത്യസൃഷ്ടിയുടെ പേരില്‍ ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടിവന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ സാഹിത്യകാരനും അദ്ദേഹംതന്നെ.
തമിഴ്സാഹിത്യകാരനായ പെരുമാള് മുരുകനെ "മാതൊരുപാകന്‍' എന്ന സാഹിത്യസൃഷ്ടിയുടെ പേരില് വര്ഗീയ ഫാസിസ്റ്റുകള് ഭരണസ്വാധീനത്തിന്റെ മറവില് നാടുകടത്തി പീഡിപ്പിച്ചു. വീണ്ടും വിളിച്ചുവരുത്തി സാഹിത്യരചന പിന്വലിപ്പിക്കുകയും ഭീഷണിപ്പെടുത്തി സോഷ്യല് മീഡിയയില് പോസ്റ്റിടുവിക്കുകയും ചെയ്തു. അടുത്തിടെ നടന്ന ഈ സംഭവം ആവിഷ്കാരസ്വാതന്ത്ര്യത്തിനുനേരെ ഉയര്ന്ന വലിയ വെല്ലുവിളിയാണ്. ഈ കാടത്തവും അപരിഷ്കൃതവുമായ സമീപനം തനി സാംസ്കാരിക ഫാസിസമാണ്. ഇവിടെയാണ് പൊന്‍കുന്നം വര്ക്കിയുടെ ധീരതയും നിലപാടും ശ്രദ്ധേയമാകുന്നത്. പാമ്പാടിയിലെ ആലാംപള്ളി സര്ക്കാര് സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ, സര്‍. സി പിയുടെ നിര്ദേശപ്രകാരം പൊലീസ് പൊന്കുന്നം വര്ക്കിയെ അറസ്റ്റ് ചെയ്തു. മോഡല്‍, മന്ത്രിക്കെട്ട് എന്നീ കഥകള് എഴുതിയതിനായിരുന്നു അറസ്റ്റ്. സര്‍. സി പിയുടെ ഭരണഭീകരതയ്ക്കെതിരെ വിരല്ചൂണ്ടുന്ന കഥകളായിരുന്നു അത്. ജയിലില്‍ കഴിയുമ്പോള്‍ മാപ്പെഴുതിക്കൊടുത്താല് വെറുതെ വിടാമെന്ന് സര്‍. സി പിയുടെ ദൂതന് അറിയിച്ചു. "അതിനു വേറെ പൊന്കുന്നം വര്‍ക്കി ജനിക്കണം' എന്ന ഗര്‍ജനം ഇരുമ്പഴികളെപ്പോലും പ്രകമ്പനംകൊള്ളിച്ചു. ജയില്‍ മോചിതനായപ്പോള്‍ സര്ക്കാര് ജോലി ഉപേക്ഷിക്കുകയും ചെയ്തു.
ഭരണകൂടഭീകരതയ്ക്കും അനീതിക്കും അന്ധവിശ്വാസത്തിനും അനാചാരങ്ങള്ക്കും എല്ലാവിധ ചൂഷണങ്ങള്ക്കും എതിരെയുള്ള ചെറുത്തുനില്പ്പായിരുന്നു വര്ക്കിയുടെ ഓരോ സാഹിത്യസൃഷ്ടികളും. 1942ല് ആലാംപള്ളി സര്ക്കാര് സ്കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍, ഏഴാംക്ലാസിലെ വിദ്യാര്‍ഥികള്‍ സ്കൂള് വാര്ഷികത്തിന് വര്ക്കി എഴുതി സംവിധാനം ചെയ്ത "ബാധയൊഴിപ്പിക്കല്‍' എന്ന നാടകം അവതരിപ്പിച്ചു. ബാധകയറി ഉറഞ്ഞുതുള്ളുന്ന സ്ത്രീയോട് മന്ത്രവാദിയുടെ മര്ദനങ്ങളുടെ അവസാനം ബാധയൊഴിഞ്ഞുപോകാന് എന്തുവേണമെന്നു ചോദിക്കുമ്പോള് "അരിയുടെ വില കുറയ്ക്കണം' എന്ന മറുപടി സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊള്ളുകയും വിലവര്ധന രൂക്ഷമാകുകയും ചെയ്ത കാലത്താണ് ഈ നാടകമെഴുതിയത്.
സ്റ്റേറ്റ് കോണ്ഗ്രസ് പ്രവര്ത്തകനായിരുന്നകാലത്ത് തിരു-കൊച്ചിയിലെ കോണ്ഗ്രസ് ഭരണമര്ദനങ്ങളെയും പീഡനങ്ങളെയും വിഷയമാക്കി പൊന്കുന്നം വര്ക്കി രാഷ്ട്രീയകഥകള്‍ എഴുതി. ഡെമോക്രസി, കരിനിഴലുകള്‍, വോട്ടിനു വരാതിരിക്കില്ല, ഇടിവണ്ടി, തൊഴിലാളി, ആ അവിശ്വാസപ്രമേയം എന്നീ കഥകള് കോണ്ഗ്രസ് ഭരണകാലത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയവയാണ്. മലയാളസാഹിത്യത്തിലെ ആദ്യത്തെ ശ്രദ്ധേയനായ രാഷ്ട്രീയ കഥാകൃത്തും വര്‍ക്കിയായിരുന്നു. സാമൂഹികപുരോഗതിക്കുവേണ്ടി തൂലിക പടവാളാക്കിയ അദ്ദേഹം എല്ലാ കാലത്തും ആ നിലപാടുകളില്‍ ഉറച്ചുനിന്നു. കുട്ടനാട്ടിലെ എടത്വായില്‍ ജനിച്ച പൊന്കുന്നം വര്ക്കി മലനാടിന്റെ സ്പന്ദനങ്ങളാണ് കഥകളിലൂടെ അവതരിപ്പിച്ചത്. മലയോര കര്‍ഷകരുടെയും അര്ധപട്ടിണിക്കാരുടെയും ജീവിതദുരിതങ്ങള് അദ്ദേഹം കഥകളിലൂടെ അവതരിപ്പിച്ചു. വ്യവസ്ഥിതിയോടുള്ള ശക്തമായ എതിര്പ്പ് നിറഞ്ഞതായിരുന്നു ഓരോ കഥകളും.
രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും വീരകഥകള്മാത്രം കേട്ട ഒരു സമൂഹത്തില് കര്ഷകരുടെ കണ്ണീരില് കുതിര്ന്ന ചിത്രീകരണങ്ങളിലൂടെ സാഹിത്യലോകത്തെ ഒറ്റയാനായി വര്‍ക്കി മാറി. ലോകസാഹിത്യത്തില്‍ത്തന്നെ അദ്ദേഹത്തിന്റെ കൃതികള് ശ്രദ്ധിക്കപ്പെട്ടതും ഇക്കാരണത്താലാണ്. ലോക ചെറുകഥാ ചരിത്രം ഏറ്റവും പ്രസിദ്ധമായ ഏഴുകഥകള് തെരഞ്ഞെടുത്തപ്പോള് അതിലൊന്ന് പൊന്കുന്നം വര്ക്കിയുടെ "ശബ്ദിക്കുന്ന കലപ്പ'യായിരുന്നു. ഈ കഥ ഇപ്പോഴും വിദേശ സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണ്. എവിടെയെല്ലാം മനുഷ്യത്വത്തിന് മുറിവേറ്റിട്ടുണ്ടോ അവിടെയെല്ലാം ഇരകള്ക്കുവേണ്ടി ചാട്ടവാറുമായി അദ്ദേഹം പാഞ്ഞെത്തി. സാഹിത്യം സാമൂഹിക പരിവര്ത്തനത്തിനുള്ള മൂര്ച്ചയേറിയ ആയുധമാണെന്ന് അടിയുറച്ചുവിശ്വസിച്ച പുരോഗമന സാഹിത്യകാരന്മാരില് പ്രമുഖനാണ് പൊന്കുന്നം വര്ക്കി.
""ദുഃഖിതരോട് ചേര്ന്നുനിന്ന് ഞാന് നിങ്ങളുടെ ശബ്ദവും രൂപവും പ്രകാശിപ്പിക്കാന് ഒരുങ്ങിയപ്പോള് നിങ്ങളില് ചിലര് എന്നെ ഒരു കഥാകാരനായി അംഗീകരിച്ചു'' ഞാന് കഥാകാരനായ കഥ എന്ന പുസ്തകത്തിലെ വര്‍ക്കിയുടെ വരികളാണിത്. പൗരോഹിത്യ ജീര്‍ണതയ്ക്കെതിരെ ജീവിതാവസാനംവരെ നിര്ഭയനായി പോരാടാന് വര്ക്കിയെ പ്രേരിപ്പിച്ചത് ക്രിസ്തുവിന്റെ ആദര്ശങ്ങളിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു. താന്‍ ഉള്‍പ്പെട്ട സഭയെയും പൗരോഹിത്യത്തെയും അന്ധമായി എതിര്‍ക്കുകയല്ല; യഥാസ്ഥിതിക പൗരോഹിത്യത്തെ ചോദ്യംചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ നല്ല ഉദാഹരണമാണ് "അള്‍ത്താരയിലെ' നന്മയുടെ പ്രതീകമായ ഫാ. മാന്തോപ്പില്‍. ദൈവത്തെ വിളിക്കാന്‍ എനിക്ക് ഇടനിലക്കാരന്റെ ആവശ്യമില്ല എന്നാവര്ത്തിച്ച പൊന്കുന്നം വര്ക്കി പെരുഞ്ചേരി വീട്ടുമുറ്റത്ത് അന്ത്യവിശ്രമംകൊള്ളുന്നതും ഈ നിലപാടുകൊണ്ടുതന്നെ.
തീവ്രമായ മനുഷ്യസ്നേഹമാണ് വര്ക്കിയുടെ കഥകളിലും പോരാട്ടങ്ങളിലും നിഴലിച്ചത്. 1997ല് എഴുത്തച്ഛന് പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയ പശ്ചാത്തലത്തിലാണ് നവലോകം സാംസ്കാരികകേന്ദ്രം രൂപംകൊണ്ടത്. ഈ സാംസ്കാരിക സംഘടന വര്ക്കിയുടെ സാഹിത്യസൃഷ്ടികളെയും നിലപാടുകളെയും സമൂഹമധ്യത്തില് എത്തിക്കാന് ഒട്ടേറെ പ്രവര്‍ത്തനം നടത്തി. പൊന്‍കുന്നം വര്‍ക്കി സ്മാരക നവലോകം ചെറുകഥാ അവാര്ഡ് മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യ പുരസ്കാരമായി മാറിക്കഴിഞ്ഞു. പാമ്പാടി ചേന്നംപള്ളിക്ക് സമീപമുള്ള വര്ക്കിയുടെ സ്മൃതിമണ്ഡപം സന്ദര്ശിക്കാന് സാഹിത്യവിദ്യാര്ഥികളും ചരിത്രാന്വേഷികളും നിരന്തരം എത്തുന്നുണ്ട്. കലാ സാഹിത്യലോകം വര്ഗീയ ഫാസിസ്റ്റുകളുടെ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ ഈ സാംസ്കാരിക ഫാസിസത്തിനെതിരെ നിര്ഭയനായി പോരാടാന് പൊന്കുന്നം വര്ക്കിയുടെ സ്മരണകള് നമുക്ക് ആവേശംപകരും. ആ കലപ്പ ചരിത്രവും കാലവും ഉള്ളിടത്തോളം ശബ്ദിച്ചുകൊണ്ടേയിരിക്കും
(നവലോകം സാംസ്കാരികകേന്ദ്രം പ്രസിഡന്റാണ് ലേഖകന്)
No comments:
Post a Comment
thankyou..........