വെള്ളിത്തിരയിലെ വേറിട്ട മുഖം പറവൂർ ഭരതന് വിട....
വില്ലനായി തുടങ്ങി ഹാസ്യതാരമായി തിളങ്ങി മലയാളി മനസ്സില്‍ ഇടംനേടിയ പറവൂര്‍ ഭരതന്‍ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പറവൂര്‍ വടക്കേക്കര വാവക്കാട് മൂക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വാവക്കാട്ടെ വീട്ടുവളപ്പില്‍.വാവക്കാട്ടെ വസതിയിലും എസ്എന്‍ഡിപി ഹാളിലും പറവൂര്‍ പഴയ മുനിസിപ്പല്‍ പാര്‍ക്ക് ഗ്രൗണ്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍നിന്നുള്ള പ്രമുഖരും നാട്ടുകാരുമടക്കം വന്‍ ജനാവലി അന്ത്യാഞ്ജലിയേകി. ബഹുമാനസൂചകമായി വടക്കേക്കര പഞ്ചായത്തില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെ ഹര്‍ത്താലാചരിക്കും. ഈ സമയം സ്കൂളുകളും പ്രവര്‍ത്തിക്കില്ല.
നൂറിലധികം നാടകങ്ങളിലും 251 സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലുമായി 2009 വരെ അഭിനയരംഗത്ത് സജീവമായിരുന്നു പറവൂര്‍ ഭരതന്‍. വടക്കന്‍ പറവൂരിലെ വടക്കേക്കരയില്‍ വാവക്കാട് ഗ്രാമത്തില്‍ കലാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍, ചെത്തുതൊഴിലാളിയായ കൊച്ചനന്‍ കോരയുടെയും കുറുമ്പക്കുട്ടിയുടെയും രണ്ടാമത്തെ മകനായി 1930ല്‍ ജനിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യം. അച്ഛന്റെ മരണത്തോടെ പഠിപ്പു നിര്‍ത്തി. സ്കൂളില്‍ നാടകവും ഏകാഭിനയവുമായി നടന്ന ഭരതനു പിന്നെ നാടകം ജീവിതമായി. 1951ല്‍ പുറത്തിറങ്ങിയ "രക്തബന്ധം' ആണ് ആദ്യസിനിമ. സ്ത്രീപ്രേക്ഷകരെ ഭയപ്പെടുത്തിയ വില്ലനായിരുന്ന ഭരതന്‍ ശ്രദ്ധേയനായത് എം കൃഷ്ണന്‍നായര്‍ സംവിധാനംചെയ്ത "കറുത്തകൈ'യിലെ വേഷത്തോടെയാണ്. കപ്പടാ മീശയും തടിച്ചുരുണ്ട ശരീരവുമായി വില്ലന്‍വേഷത്തില്‍ വിലസി. സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചു.
ചെമ്മീന്‍, മറുനാട്ടില്‍ ഒരു മലയാളി, വാഴ്വേമായം, അരനാഴികനേരം, ഡോക്ടര്‍, കരകാണാക്കടല്‍, ആരോമലുണ്ണി, തച്ചോളി ഒതേനന്‍, കള്ളിയങ്കാട്ടുനീലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെയ്ത അടിപിടി വേഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഭരതം, ഗോഡ്ഫാദര്‍, സസ്നേഹം, ഗജകേസരിയോഗം, ചേട്ടന്‍ബാവ അനിയന്‍ബാവ തുടങ്ങിയ ചിത്രങ്ങളില്‍ സ്വഭാവനടനായി തിളങ്ങി. നര്‍മാഭിനയത്തില്‍ ഭരതന്‍ പുതിയപാത വെട്ടിത്തുറന്നു.
മാറ്റൊലി നാടകത്തില്‍ ഒപ്പമഭിനയിച്ച തങ്കമണിയാണ് ഭാര്യ. മക്കള്‍: പ്രദീപ് (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ), മധു, അജയന്‍ (ദോഹ), ബിന്ദു സോമകുമാര്‍. മരുമക്കള്‍: ജീന (ഐഒസി, തൃപ്പൂണിത്തുറ), സോമകുമാര്‍ എഡിസൺ
No comments:
Post a Comment
thankyou..........