പ്രതിമാസ സിനിമാ പ്രദർശനം 2015 മെയ് 31 വൈകിട്ട് 6 മണി - ഗ്രന്ഥശാല ഹാൾ എലിപ്പത്തായം സംവിധാനം - അടൂർ ഗോപാലകൃഷ്ണൻ

പ്രതിമാസ സിനിമാ പ്രദർശനം

2015 മെയ് 31 വൈകിട്ട് 6 മണി - ഗ്രന്ഥശാല ഹാൾ 

എലിപ്പത്തായം സംവിധാനം - അടൂർ ഗോപാലകൃഷ്ണൻ


എലിപ്പത്തായം:- അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ എലിപ്പത്തായം (Translation: The Rat Trap). നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു. 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു.
തറവാടിന്റെ പോയകാല സമൃദ്ധിയും വർത്തമാനകാല വ്യഥയും വ്യക്തമാക്കുന്ന തരത്തിലുള്ള, വീടിന്റെ നാശോന്മുഖതയിൽ നമ്മുടെ ശ്രദ്ധക്ഷണിക്കുന്ന ക്ലോസ് അപ്പ് ദൃശ്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുരോഗമിക്കുന്നത്.
രാത്രിയുടെ നിശ്ശബ്ദതയിൽ ഉണ്ണിയുടെ (കരമന ജനാർദ്ദനൻ) നിലവിളിയുയരുന്നു. എലികടിച്ചു എന്ന ഭീതിയിലാണയാളുടെ നിലവിളി. എന്നാൽ സഹോദരിമാരുടെ അന്വേഷണത്തിനൊടുവിൽ എലി അയാളെ കടിച്ചിട്ടില്ലെന്ന് മനസ്സിലാവുന്നു. എങ്കിലും അടുത്ത ദിവസം അവിടെ ഒരെലിപ്പത്തായം സ്ഥാപിക്കപ്പെടുന്നു. അന്നുരാത്രി അതിൽ എലി കുടുങ്ങുന്നു. ശ്രീദേവി അടുത്തദിവസം അതിനെ കുളത്തിൽ മുക്കിക്കൊല്ലുന്നു. ഒരോർമ്മപ്പെടുത്തലായി പിന്നീട് പലപ്രാവശ്യം ഇതേ ദൃശ്യം ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്.
ഉണ്ണിയുടെ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സഹോദരി രാജമ്മയ്ക്കായി (ശാരദ) അവരുടെ ഒരമ്മാവൻ പല ആലോചനകളും, ഒടുവിൽ ഒരു രണ്ടാം കെട്ടുകാരന്റെയും കൊണ്ടുവരുന്നുണ്ടെങ്കിലും ഉണ്ണിക്ക് അതിലൊന്നും താല്പര്യമില്ല. ഇളയ സഹോദരി ശ്രീദേവി (ജലജ) ട്യൂട്ടോറിയൽ കോളേജിൽ പഠിക്കുകയാണ്. അവൾക്ക് മാത്രമാണ് പുറം ലോകവുമായുള്ള ബന്ധം. അവളുടെ ജീവിതം ദിവാസ്വപ്നങ്ങളിൽ മുഴുകിയതും അതേസമയം തന്നെ ചലനാത്മകവുമാണ്.
ഇടയിൽ വിവാഹം കഴിച്ചയച്ച മൂത്ത സഹോദരി ജാനമ്മ (രാജം കെ നായർ) ഉണ്ണിയോട് തറവാടു സ്വത്തുവകകളിലുള്ള വിഹിതം മകനിലൂടെയും സ്വയവും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് അനുവദിക്കാത്ത ഉണ്ണി അവരോട് തറവാട്ടിൽ വന്നു താമസിക്കാനാണ് ആവശ്യപ്പെടുന്നത്.
ഇതിനിടയിൽ ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകനുമായി ശ്രീദേവി ഒളിച്ചോടുന്നു. ദേഷ്യപ്പെടുന്നുണ്ടെങ്കിലും ഉണ്ണി അവളെ അന്വേഷിക്കാൻ തയ്യാറാകുന്നില്ല. ഇതും കൂടിയാകുമ്പോൾ രാജമ്മ ആകെ തകർന്നു പോകുന്നു. അവരെ കൂടെക്കൂടെ ഉപദ്രവിക്കാറുണ്ടായിരുന്ന വയറുവേദന കഠിനമാകുകയും അവർ കിടപ്പിലാകുകയും ചെയ്യുന്നു. അയൽക്കാരി നാട്ടുകാരുടെ സഹായത്തോടെ അവരെ ആശുപത്രിയിലാക്കുന്നു.
ഇതു കൂടിയാകുമ്പോൾ ഉണ്ണി തന്നിലേക്ക് കൂടുതൽ ഉൾവലിയുന്നു. വാതിലുകളും ജനലുകളും എല്ലാമടച്ച് അയാൾ സ്വന്തം തുരുത്ത് നിർമ്മിക്കുകയാണ്. കാലം അയാളുടെ പരിസരത്ത് കുളത്തിലെ വെള്ളം പോലെ നിശ്ചലമാണെങ്കിലും പുറത്ത് അത് അനുസ്യൂതമൊഴുകുന്നുണ്ട്. ഒടുവിൽ നാട്ടുകാർ വീടിന്റെ കതകുപൊളിച്ച് ഉണ്ണിയെ ബന്ധനസ്ഥനാക്കി കുളത്തിലെറിയുന്നു, ശ്രീദേവി എലിയെ നശിപ്പിക്കുന്നതുപോലെ. ഉണ്ണി മാപ്പപേക്ഷിക്കുന്നതുപോലെ കയ്യുയർത്തി വെള്ളത്തിൽ നിന്ന് ഉയർന്നു വരുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
നിർമ്മാണം രവി
പുരസ്കാരങ്ങൾ:- എലിപ്പത്തായം എന്ന ചിത്രത്തിനു ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായത് താഴെപ്പറയുന്നു.
1982 ബ്രിട്ടീഷ് ഫിലും ഇൻസ്റ്റിറ്റ്യൂട്ട് (ബ്രിട്ടൺ)
Most Original and Imaginative film shown at the National Film Theatre - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ലണ്ടൻ ചലച്ചിത്ര മേള (ബ്രിട്ടൺ)
Sutherland Trophy - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ)
Silver Lotus Award - ഏറ്റവും മികച്ച ശബ്ദലേഖനം - എലിപ്പത്തായം - ദേവദാസ്
Silver Lotus Award - Best Regional Film (Malayalam) - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1981 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
മികച്ച ഛായാഗ്രഹണം - മങ്കട രവിവർമ്മ
മികച്ച ശബ്ദലേഖനം - ദേവദാസ്

No comments:

Post a Comment

thankyou..........